അസ്മിത ഖേലോ ഇന്ത്യ വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് ലീഗ് സമാപിച്ച





കാഞ്ഞിരപ്പള്ളി: വനിതകളുടെ കായികപങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘അസ്മിത ഖേലോ ഇന്ത്യ വനിതാ ലീഗിന്റെ’ ഭാഗമായി കോട്ടയം ജില്ലാതല വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് മത്സരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ സമാപിച്ചു. സംസ്ഥാന വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
ഗ്രാമീണ, നഗര മേഖലകളിലെ പ്രതിഭാധനരായ വനിതാ കായികതാരങ്ങളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള വേദിയായി ടൂർണമെന്റ് മാറി. വനിതകളുടെ കായികപങ്കാളിത്തം വർധിപ്പിക്കുക, പുതിയ പ്രതിഭകളെ കണ്ടെത്തുക, ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നിവയാണ് അസ്മിത ലീഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. കായികരംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിനും കൂടുതൽ പെൺകുട്ടികളെ ഭാരോദ്വഹനത്തിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
വിവിധ ഭാരവിഭാഗങ്ങളിൽ വിജയികളായവർ: 49 കിലോഗ്രാം വിഭാഗത്തിൽ ശ്രീലക്ഷ്മി ആർ. (സെന്റ് ഡൊമിനിക്‌സ് കോളേജ്, കാഞ്ഞിരപ്പള്ളി), 53 കിലോഗ്രാം വിഭാഗത്തിൽ നന്ദന അനിൽകുമാർ (സെന്റ് ഡൊമിനിക്‌സ് സ്കൂൾ, കാഞ്ഞിരപ്പള്ളി), 61 കിലോഗ്രാം വിഭാഗത്തിൽ ലിൻറ്റ എൽസ തോമസ് (സി.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ, കോരുത്തോട്), 69 കിലോഗ്രാം വിഭാഗത്തിൽ ആദിത്യ ഉല്ലാസ് (അസംപ്ഷൻ ഹൈസ്കൂൾ, പാലമ്പ്ര), 77 കിലോഗ്രാം വിഭാഗത്തിൽ അഷ്മിക സി.പി. (സെന്റ് ഡൊമിനിക്‌സ് കോളേജ്, കാഞ്ഞിരപ്പള്ളി), 86 കിലോഗ്രാം വിഭാഗത്തിൽ അമൃത എം.എസ്. (സെന്റ് ഡൊമിനിക്‌സ് കോളേജ്, കാഞ്ഞിരപ്പള്ളി), 86 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ ഫർഷ സിനാജ്ഖാൻ (സെന്റ് ഡൊമിനിക്‌സ് കോളേജ്, കാഞ്ഞിരപ്പള്ളി) എന്നിവർ ഒന്നാം സ്ഥാനം നേടി.
രാവിലെ കോളേജ് മാനേജർ വെരി റവ. ഡോ. കുര്യൻ താമരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അന്നമ്മ വർഗീസ് മത്സരം ഉദ്ഘാടനം ചെയ്തു. 

--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍