ദുരിത പെയ്ത്ത് തുടരുന്നു. ജില്ലയിൽ വ്യാപക നാശനഷ്ടം 



കോട്ടയം : വെള്ളിയാഴ്ച ഉച്ച മുതൽ തുടങ്ങിയ  കനത്ത മഴ തുടരുമ്പോൾ കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം . ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മൂന്നു മരണങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

 പൂഞ്ഞാർ പയ്യാനതോട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ്  അമ്മയും മകനും മരിച്ചു. പൂഞ്ഞാർ മണപ്പാട്ട് റെജീന ജോണി (50) മകൻ ജോസഫിൻ ജോണി  (28)  വെള്ളക്കെട്ടിൽ വീണു ഉണ്ടായ അപകടത്തിൽ കോട്ടയം വാകത്താനം ചക്കൻ ചിറയിൽ    മിലൻ കെ ഷിജു  (11) എന്നിവർക്കാണ് ജീവൻ നഷ്ടമായത് .


 കനത്തമഴയിൽ ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളായ ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തിലും കൂട്ടിക്കലിലും   പ്രളയജലം നാശമുണ്ടാക്കി.

 ഈരാറ്റുപേട്ട ടൗണിന്റെ ഹൃദയഭാഗം പൂർണമായും മലവെള്ളത്തിൽ മുങ്ങി. ഇവിടെത്തന്നെ കോടികളുടെ വ്യാപാര നഷ്ടം ഉണ്ടായി. കഴിഞ്ഞ പ്രളയകാലത്ത് പോലും ഈരാറ്റുപേട്ട ടൗണിൽ ജലമുയർന്നിരുന്നില്ല. എന്നാൽ ഇത്തവണ മീനച്ചിലാറ്റിലൂടെ ഇരച്ചെത്തിയ  മലവെള്ളം  ഈരാറ്റുപേട്ടയിൽ നാശം വിതയ്ക്കുകയായിരുന്നു. പാലാ ടൗണിലും ഈരാറ്റുപേട്ട പാലാ സംസ്ഥാനപാതയിലും  വെള്ളം കയറി. ഇവിടെ സ്വകാര്യ ബസുകൾ  സർവീസുകൾ നിർത്തിവച്ചു.

 സ്ഥിരം ഉരുൾപൊട്ടൽ മേഖലയായ കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങായിൽ ഉരുൾപൊട്ടൽ ഉണ്ടായി ഇവിടെ വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇളങ്കാട്ടിൽ വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയ അഞ്ചംഗ കുടുംബത്തെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് രക്ഷപ്പെടുത്തി. സമീപ പഞ്ചായത്തായ  കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കരയിലും മണ്ണിടിച്ചിൽ ഉണ്ടായി.

 മലവെള്ളപ്പാച്ചിലിൽ  കൂട്ടിക്കൽ ടൗണിലെ ചപ്പാത്ത് പാലവും മുണ്ടക്കയം ടൗണിലെ കോസ് വേ പാലവും  വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ദേശീയപാതയായ 

 മുണ്ടക്കയം കുമളി റോഡിൽ പലസ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടു.


 ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ കുട്ടിക്കൽ,കൊടുങ്ങ,  മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, പയ്യാനി,തീക്കോയി   ചങ്ങനാശ്ശേരി വില്ലേജിലെ  തോട്ടക്കാട്  എന്നിവിടങ്ങളിലാണ്  കനത്ത മഴയിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. 

 മഴയിൽ മൂന്നു വീടുകൾ പൂർണമായും പതിനഞ്ചു വീടുകൾ ഭാഗികമായും  തകർന്നിട്ടുണ്ട് 

 ജില്ലയിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി   ഇവിടങ്ങളിലായി 145 കുടുംബങ്ങളിലെ 567 ആളുകളുണ്ട്.

 ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചതായി അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ സൂക്ഷിച്ചത് സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു