കാഞ്ഞിരപള്ളി
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കാളകെട്ടി ശബരി പിൽഗ്രിം സെൻ്ററിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ശബരി പിൽഗ്രിം ട്രസ്റ്റ് ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കുടിവെള്ളം, വെളിച്ചം, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ കൂടുതൽ വിപുലീകരിക്കും. ദീർഘദൂരങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതമായി വിശ്രമിക്കുന്നതിനായി വിപുലമായ പന്തലുകളും വിശ്രമ കേന്ദ്രങ്ങളും സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി. തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി അടിയന്തര വൈദ്യസഹായംഉറപ്പാക്കും. ഇതിനായി ഇരുപത്തിനാലു മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യക്കും. തിരക്കു നിയന്ത്രിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കും.
തീർത്ഥാടന കാലയളവിൽ ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും. സുരക്ഷിതവും ചൂഷണരഹിതവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനും ട്രസ്റ്റ് ജനറൽ ബോഡി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാളകെട്ടി ശബരി പിൽഗ്രിം സെൻ്ററിൽ ചേർന്നയോഗത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ: പി. ജി. ഹരിദാസ് അധ്യക്ഷതവഹിച്ചു. ഡോ സവിദ യോഗം ഉദ്ഘാടനം ചെയ്തു. മലഅരയ മഹാസഭ നേതാക്കളായ എം.കെ സജി, പി.കെ. സജീവ്, കെ.കെ സനൽ കുമാർ, ഷൈലജ നാരായണൻ, ,അജിതാ ഉദയകുമാർ, പ്രൊഫ: റ്റി പി അരുൺ നാഥ്, സിഎൻ മധുസൂദനൻ എന്നിവർ സംസാരിച്ചു .



0 അഭിപ്രായങ്ങള്‍