ഈരാറ്റുപേട്ട: പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നീരസം തുറന്നുകാട്ടി ടോമി കല്ലാനി. താന്‍ സ്ഥാനാര്‍ത്ഥി ആകണമെന്നും ആകേണ്ടെന്നും ആഗ്രഹിച്ചവര്‍ക്ക് നന്ദി എന്ന് വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു. പൂഞ്ഞാറിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലാണ് ടോമി കല്ലാനി സന്ദേശം അയച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയും പൂഞ്ഞാര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന ആളുമാണ് ടോമി കല്ലാനി.
പൂഞ്ഞാറിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും സജി ജോസഫുമാണ് സാധ്യതാപട്ടികയിലുള്ളത്. ഇതിനെതിരെ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ചിരുന്നു.
ഇറക്കുമതി സ്ഥാനാർത്ഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമാണ് പോസ്റ്ററില്‍. അലോഷ്യസിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍.
അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. സജി ജോസഫിനെതിരെയും പോസ്റ്ററുകളുണ്ട്. സജി ബാങ്ക് കൊള്ളക്കാരനാണെന്നാണ് പോസ്റ്ററിലുള്ളത്. ഈരാറ്റുപേട്ട നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തിറക്കുമെന്നായിരുന്നു വിവരം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. എട്ട് മണിയോടെ യോഗം പിരിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായില്ല.
ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വീണ്ടും യോഗം ചേരുകയാണ്. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. ഈ നിലപാടുമായി മുന്നോട്ടുപോയാല്‍ കെ സുധാകരന്‍ അടക്കം ഇടയും. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നേരത്തേ സുധാകരനോട് കാത്തിരിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു.



0 അഭിപ്രായങ്ങള്‍