എരുമേലി: കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റ് എരുമേലിയിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലക്കാട് നഗരസഭയുടെ പ്ലാന്റ് സന്ദർശിച്ചു. പാലക്കാട് നഗരസഭ നിർമിച്ച 100 കെഎൽഡി ശേഷിയുള്ള പ്ലാന്റ് ആണ് എരുമേലിയിൽ നിന്നുള്ള സംഘം സന്ദർശിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലക്കാട് നഗരസഭയുടെ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ഇതേ മാതൃകയിൽ കൂടുതൽ ശേഷിയുള്ള പ്ലാന്റാണ് എരുമേലിയിൽ നിർമിക്കാൻ നിലവിൽ കരാറായിട്ടുള്ളത്. ഇതിന് മുമ്പായി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നേരിൽകണ്ട് പഠിക്കുന്നതിനായിരുന്നു പഠന യാത്ര.
കക്കൂസ് മാലിന്യങ്ങൾ ട്രീറ്റ് ചെയ്ത ശേഷം ലഭിക്കുന്ന വെള്ളം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സ്ലഡ്ജ് സംസ്കരിക്കുകയും ചെയ്യുന്ന പ്രവർത്തന രീതിയാണ് പാലക്കാട് നഗരസഭയുടെ പ്ലാന്റിലുള്ളത്. നേർച്ചപ്പാറ വാർഡിൽ കമുകിൻകുഴി ഭാഗത്തെ പഞ്ചായത്ത് വക സ്ഥലത്താണ് സ്വച്ച് ഭാരത് ഗ്രാമീൺ പദ്ധതിയിൽ ഉൾപ്പെടുത്തി ശൗചാലയ മാലിന്യ സംസ്കരണ പ്ലാന്റ് (എഫ്എസ്ടിപി) സ്ഥാപിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ വിഹിതം ഉൾപ്പെടുത്തിയാണ് നിർദിഷ്ട പ്ലാന്റ് നിർമിക്കുക. ഇതിന് വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കി മുൻ ഭരണസമിതി പദ്ധതി കരാർ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നിലവിലുള്ള ഭരണസമിതിയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലക്കാട് നഗരസഭയുടെ പ്ലാന്റ് സന്ദർശിച്ച് പഠനം നടത്തിയത്. നിർമാണ കരാർ ഏറ്റെടുത്ത ഏജൻസിയാണ് പഠനയാത്രയുടെ ചെലവ് വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, ക്ഷേമകാര്യ സമിതി അധ്യക്ഷ ഷമീന ലത്തീഫ്, സെക്രട്ടറി ബി മഞ്ജു ഉൾപ്പടെ പഠനയാത്രയിൽ പങ്കെടുത്തു.



0 അഭിപ്രായങ്ങള്