മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ മലയോര ഗ്രാമമായ ചെന്നാപ്പാറമുകൾ വീണ്ടും പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസം ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ പശുവിനെ പുലി കടിച്ചു കൊന്നിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വനംവകുപ്പ് ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ഈ കാമറയിൽ പുലി കേഴമാനിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് കിലോമീറ്റർ അകലെയായി മാനിന്‍റെ ജഡവും കണ്ടെത്തി.
എന്നാൽ, പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ സ്ഥാപിച്ച കാമറകൾ എടുത്തു മാറ്റുക മാത്രമാണ് വനംവകുപ്പ് ചെയ്തത്. ഇതോടെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ചെന്നാപ്പാറമുകൾ നിവാസികൾക്ക് വീടിന് പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ വനം വകുപ്പ് ഓഫീസ് ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വനമേഖലയിൽ നിന്നെത്തുന്ന വന്യമൃഗങ്ങൾ എസ്റ്റേറ്റിൽ കാടുപിടിച്ചു കിടക്കുന്ന മേഖലയിൽ തമ്പടിക്കുകയും പിന്നീട് കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും ചെയ്യുകയാണ്. അടിയന്തരമായി എസ്റ്റേറ്റിൽ വളർന്നുനിൽക്കുന്ന കാടുപടലങ്ങൾ വെട്ടി മാറ്റുവാൻ മാനേജ്മെന്‍റ് തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു



0 അഭിപ്രായങ്ങള്‍