എരുമേലി: ശബരിമല കാനനപാതയിൽ ജനവാസമേഖലയോടു ചേർന്ന് കരടിയെ കണ്ടതായി രണ്ടു പേർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെന്നും കരടിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വനംവകുപ്പ്. കരടിയോട് സാദൃശ്യമുള്ള ഏതെങ്കിലും ജീവിയെയാണോ കണ്ടതെന്ന് വ്യക്തമല്ലെന്നും വനംവകുപ്പ്.
കഴിഞ്ഞ ദിവസം വൈകുന്നേരം കോയിക്കക്കാവ് ആശാൻ കോളനി ഭാഗത്ത് വനപാതയിലാണ് തിളങ്ങുന്ന കറുത്ത രോമങ്ങളുള്ള ജീവി പതുങ്ങി നിൽക്കുന്നതും വളർത്തുനായ്ക്കൾ കുരച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ജീവി കാടിനുള്ളിലേക്ക് പോകുന്നതും കണ്ടതെന്ന് നാട്ടിലെ ഒരു യുവാവും സ്ത്രീയും പറഞ്ഞിരുന്നു. ഇതേത്തുടർന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ദിലീഫിന്‍റെ നേതൃത്വത്തിൽ വനപാലക സംഘമെത്തി പരിശോധന നടത്തിയിരുന്നു. കണ്ടെത്തിയ കാൽപാടുകൾ കരടിയുടേത് അല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ശബരിമല തീർഥാടകർ കാളകെട്ടി അഴുത വഴി ശബരിമലയിലേക്ക് വനത്തിലൂടെ പോകുന്ന കാനന പാത ആരംഭിക്കുന്നത് കോയിക്കക്കാവിലാണ്. ആന, കാട്ടുപോത്ത് എന്നിവയുടെ സാന്നിധ്യമുണ്ടെങ്കിലും ഇതേവരെ ഈ വനമേഖലയിൽ കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.



0 അഭിപ്രായങ്ങള്‍