കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26-ാം മൈലിൽ പുതിയപാലം നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചു. പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചശേഷം ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ റോഡിലെ വീതിയും സ്ഥലത്തിന്റെ ലഭ്യതയും അനുസരിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മുൻപ് ഇരുവശത്തുകൂടിയുള്ള നടപ്പാതയടക്കമുള്ള പാലത്തിനാണ് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുക്കൽ നടപടികളടക്കം വേണ്ടിവരികയും നിർമാണം വൈകാൻ കാരണമാകുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് നിലവിലെ സ്ഥലത്ത് പാലം നിർമിക്കുന്നത്. 9.75 മീറ്റർ വീതിയിലും 22.9 മീറ്റർ നീളത്തിലുമാണിത്. 7.50 മീറ്റർ വീതി റോഡിനായി മാത്രം ലഭിക്കും. ഒരുവശത്ത് കൂടി മാത്രമാകും നടപ്പാത നിർമിക്കുക. 2.90 കോടി രൂപയാണ് പദ്ധതിക്കായി ചെലവാകുന്നത്.
പാലം അപകടത്തിലായിട്ട് ഒൻപത് വർഷം :2017-ലെ മണ്ഡലകാലത്തിനു മുൻപാണ് പാലത്തിന്റെ തൂണുകളുടെ കല്ലുകൾ ഇളകിയനിലയിൽ ആദ്യം കണ്ടെത്തിയത്. തുടർന്ന് താത്കാലിക അറ്റകുറ്റപ്പണികൾ നടത്തുക മാത്രമാണ് ചെയ്തത്. വർഷങ്ങൾ പഴക്കമുള്ള കരിങ്കൽ തൂണുകളിലെ കല്ലുകൾ അടർന്നുവീണതോടെ അധികൃതർ നടത്തിയ പരിശോധനയിൽ പാലം ബലക്ഷയത്തിലാണെന്ന് കണ്ടെത്തിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഒരുവശത്തുകൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. പിന്നീട് തൂണുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനുശേഷം പാലവും റോഡും ചേരുന്ന ഭാഗത്ത് രണ്ട് ഗർത്തങ്ങളുണ്ടായി. ഇവ താത്കാലികമായി റീടാർ ചെയ്തു. പദ്ധതിക്ക് തുടക്കമിട്ടിട്ട് അഞ്ച് വർഷം :2021-ൽ പ്രളയത്തിൽ വീണ്ടും പാലത്തിന് ബലക്ഷയമുണ്ടായി. വലിയവാഹനങ്ങളുടെ ഗാതഗതമടക്കം നിരോധിച്ച് പാലം വീണ്ടും അറ്റകുറ്റപ്പണികൾ നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. 2021-ലാണ് 75 വർഷത്തിലേറെ പഴക്കമുള്ള ഈ പാലം പുനർനിർമിക്കണമെന്ന് ആവശ്യമുയരുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി. പിന്നീട് പാലം നിർമാണത്തിന് തുക അനുവദിക്കുയും സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേകമായി തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ കാലതാമസമെടുക്കുന്നതിനാൽ സ്ഥലം ഏറ്റെടുക്കാതെയുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നെന്ന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അധികൃതർ അറിയിച്ചു.



0 അഭിപ്രായങ്ങള്‍