കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കാണ് കാലങ്ങളായി കാഞ്ഞിരപ്പള്ളി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ബ്ലോക്കില്ലാത്ത ഒരുദിനം പോലും കാഞ്ഞിരപ്പള്ളിക്കാരുടെ ഓർമയിലില്ല. പലകാലത്ത് പലതരം പരിഷ്കാരങ്ങൾ ടൗണിൽ കൊണ്ടുവന്നെങ്കിലും ഗതാഗതക്കുരുക്ക് കാഞ്ഞിരപ്പള്ളിയിലെ യാത്രക്കാർക്ക് കൂടെപ്പിറപ്പായി നിന്നു.
പുതിയ പഞ്ചായത്ത് ഭരണസമിതി ടൗണിലെ കുരുക്കഴിക്കാൻ പദ്ധതികളുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഇന്നലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഗതാഗത പരിഷ്‌കരണ യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, മോട്ടോര്‍വാഹന വകുപ്പ്-പോലീസ്-റവന്യു ഉദ്യോഗസ്ഥർ, ബസ് ഉടമകള്‍, വ്യാപാരികള്‍, ഓട്ടോ-ടാക്‌സി യൂണിയന്‍ പ്രതിനിധികൾ, തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ മുതല്‍ പൂതക്കുഴി വരെ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. നിര്‍ദേശങ്ങള്‍ പഠിച്ച് പരിശോധിച്ചശേഷം ഒരാഴ്ചയ്ക്കുള്ളിൽ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ടൗണില്‍ എന്തൊക്കെ ഗതാഗത പരിഷ്‌കരണം നടപ്പാക്കണമെന്ന് തീരുമാനിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.



0 അഭിപ്രായങ്ങള്‍