കാഞ്ഞിരപ്പള്ളി: വിഷുപ്പുലരിയുടെ വരവറിയിച്ച് കാഴ്ചയുടെ വര്‍ണോത്സവമൊരുക്കി നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. ഈ വർഷം വേനൽ കനത്തതോടെ നേരത്തേ കണിക്കൊന്നകൾ ഒന്നായി പൂക്കുകയായിരുന്നു.
പൊന്നിൻ ചാർത്തണിഞ്ഞു നില്ക്കുന്ന കൊന്നമരം വരും വർഷത്തിലെ പുത്തൻ പ്രതീക്ഷകളാണെന്നാണ് പറയപ്പെടുന്നത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്കുന്ന തരത്തിൽ മരം നിറയെ പൂത്തു നിൽക്കുകയാണ് കണിക്കൊന്നകൾ. ദേശീയപാതയോരങ്ങളിലും റോഡരികുകളിലുമെല്ലാം പൂക്കളാൽ സമൃദ്ധമായി നിറഞ്ഞുനില്ക്കുകയാണിവ. കേരളത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന കാര്‍ഷിക സമൃദ്ധിയെയാണ് ഓരോ കണിക്കൊന്നയും ഓര്‍മപ്പെടുത്തുന്നത്.
വിഷുക്കണി ഒരുക്കുന്നതില്‍ മറ്റു ഫലങ്ങള്‍ക്കൊപ്പം തന്നെ കണിക്കൊന്നയും പ്രധാനിയാണ്. എന്നാല്‍, നേരത്തേ പൂത്തതിനാലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിലും പലതും കൊഴിഞ്ഞു തുടങ്ങിയതിനാൽ ഇത്തവണ വിഷുക്കണി ഒരുക്കുന്നതിന് പൂ ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. വിഷുക്കാലത്ത് ഏറെ ആവശ്യക്കാരുള്ള കൊന്നപ്പൂവിന് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കാറുണ്ട്. ഇക്കൊല്ലം കാലംതെറ്റി പൂത്തതിനാല്‍ തന്നെ വേണ്ടസമയത്ത് പൂക്കൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് ഇത്തവണ ഡിമാൻഡും വിലയും വര്‍ധിക്കാനാണ് സാധ്യത.



0 അഭിപ്രായങ്ങള്‍