കണമല: പമ്പാവാലി വനാതിർത്തിയിൽ വന്യമൃഗശല്യം തടഞ്ഞു നിർത്തിയ കാളകെട്ടിയിലെ തൂക്ക് ഫെൻസിംഗ് സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി തകർത്തു. പകൽ വൈദ്യുതിചാർജില്ലെന്ന് മനസിലാക്കി മുമ്പ് പലപ്പോഴായി കമ്പികൾ പൊട്ടിച്ച സംഘം കഴിഞ്ഞ ദിവസം മുഴുവൻ ലൈനുകളും തകർക്കുകയായിരുന്നു.
സംഭവത്തിന് പിന്നിൽ വനത്തിൽ മൃഗവേട്ടയും അനധികൃത ലഹരി നിർമാണവും നടത്തുന്ന സംഘമാണെന്ന് സൂചന.
കഴിഞ്ഞ ദിവസമാണ് സംഭവം. രണ്ട് കിലോമീറ്റർ ദൂരത്തിൽ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷൻ പടി മുതൽ മൂക്കൻപെട്ടി വടക്കേടത്ത് പടി വരെ കാളകെട്ടി അഴുതക്കടവിൽ സ്ഥാപിച്ചിരുന്ന ഫെൻസിംഗ് പാടേ നശിപ്പിച്ചിരിക്കുകയാണ്. മെയിൻ ലൈനും അഞ്ച് തൂക്ക് ലൈനും വലിച്ചുപൊട്ടിച്ച് സമീപത്തുള്ള കമുകിലേക്ക് വലിച്ചു കെട്ടിയ നിലയിലാണ്. ഫെൻസിംഗ് തകർത്തതോടെ കാട്ടാനകൾ നാട്ടിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങിത്തുടങ്ങും.
ഫെൻസിംഗ് നിർമാണം പൂർത്തിയായത് ആറു മാസം മുമ്പാണ്. ഇതിനിടെ പലയിടത്തും ചെറിയ തോതിൽ ഫെൻസിംഗ് കമ്പികൾ പൊട്ടിച്ചതായി കണ്ടെത്തുകയും ഇവ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എരുമേലി ഫോറസ്റ്റ് റേഞ്ചിന്റെ കീഴിൽ ജനകീയ സമിതിയാണ് ഫെൻസിംഗ് പരിപാലനം നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ നടത്തിയ നാശം പരിഹരിക്കാൻ സാധിക്കുന്നതല്ലെന്നും വ്യാപകമായി മൊത്തം ലൈനും വലിച്ചിളക്കി പൊട്ടിച്ചു നശിപ്പിച്ച നിലയിലാണെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.
ഫെൻസിംഗ് സാമൂഹ്യവിരുദ്ധർ തകർത്ത ഭാഗങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൊത്തം കമ്പികളും തകരാറിലായ വിധമാണ് നശിപ്പിച്ചത്. ഇതോടെ ഫെൻസിംഗ് പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. ഇനി ഇതുവഴി മൃഗങ്ങൾക്ക് നാട്ടിലേക്ക് ഇറങ്ങാൻ തടസമില്ല. രാത്രി കാലങ്ങളിലാണ് കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത്. ഇത് മുൻനിർത്തി പ്രതിരോധമായി വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെയാണ് തൂക്ക് ഫെൻസിംഗ് ചാർജ് ചെയ്തിരുന്നത്. ഈ സമയം വന്യമൃഗങ്ങൾ ഫെൻസിംഗിൽ സ്പർശിച്ചാൽ വൈദ്യുതാഘാതമേറ്റ് വനത്തിലേക്ക് മടങ്ങിപ്പോകുമായിരുന്നു.
ഫെൻസിംഗ് തകർത്തവരെ പിടികൂടാൻ അന്വേഷണം ആവശ്യപ്പെട്ട് എരുമേലി പോലീസിൽ പരാതി നൽകുമെന്ന് വാർഡ് അംഗം പി.എസ്. സുരണ്യ അറിയിച്ചു



0 അഭിപ്രായങ്ങള്