ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 81.68 ശതമാനം വിജയം
കോട്ടയം: ഹയർസെക്കൻഡറിയിൽ പരീക്ഷയിൽ ജില്ലയിൽ 81.68 ശതമാനം വിജയം. വി.എച്ച്.എസ്.ഇയിൽ 75.15 ശതമാനവും വിജയം നേടി. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ 79.39 ശതമാനമായിരുന്നു. ആകെ പരീക്ഷയെഴുതിയ 18,049 വിദ്യാർത്ഥികളിൽ 14,743 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 2002 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ആറ് സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറ് സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയപ്പോൾ, നാലു വിദ്യാർത്ഥികൾ മുഴുവൻ മാർക്കും കരസ്ഥമാക്കി. ലിയ റോസ് ജോർജ് (മൗണ്ട് കാർമൽ, കോട്ടയം), ജുവാന മരിയ ടോജോ (സെന്റ് മേരീസ് പാലാ), കെ.സി ഷിബില ഷാൻ(വിൻസെന്റ് ഡീ പോൾ, പാലാ), ആൻ മരിയ സാബു ( സെന്റ് ജോസഫ്‌സ് വിളക്കുമാടം) എന്നിവരാണ് മുഴുവൻ മാർക്കും കരസ്ഥമാക്കിയത്. വിളക്കുമാടം സെന്റ് ജോസഫ്‌സ്, കുറവിലങ്ങാട് ഡീപോൾ, തലയോലപ്പറമ്പ് നീർപ്പാറ എച്ച്.എസ്.എസ്, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം, പാലാ വിൻസെന്റ് ഡീപോൾ, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂളുകൾ നൂറു മേനി വിജയം നേടി.
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 1614 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 1213 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 68.81 ശതമാനവും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 55.89 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 106 പരീക്ഷ എഴുതിയപ്പോൾ 74 പേർ ഉപരിപഠനത്തിന് അർഹരായി. ഒരാൾ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടി. 263 കുട്ടികൾ പരീക്ഷ എഴുതിയ ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 147 പേർ വിജയിച്ചു. ആറ് വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.



0 അഭിപ്രായങ്ങള്‍