കൂട്ടിക്കൽ : 2018-ലെ പ്രളയത്തിൽ തകർന്ന ഏഴേക്കർ തൂക്കുപാലം അടിയന്തരമായി പുനർനിർമിക്കണമെന്ന് നാട്ടുകാർ. കൂട്ടിക്കൽ പഞ്ചായത്തിലെ ഞർക്കാട്, ഏഴേക്കർ പ്രദേശത്തുള്ളവർ കൊക്കയാർ പഞ്ചായത്തിലെ മുക്കുളം താഴേക്ക് പോകുന്നതിനും അവിടെ നിന്നുള്ളവർക്ക് തിരികെ ഞർക്കാട്, ഏഴേക്കർ പ്രദേശത്തേക്ക് വരുന്നതിനുമുള്ള തൂക്കുപാലം ആയിരുന്നു ഇത്.
മുപ്പതോളം കുടുംബങ്ങളുടെ പ്രധാന യാത്രാമാർഗമായിരുന്നു പാലം. പാലം തകർന്നതിനുശേഷം പുനർനിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് തൂണുകൾ നിർമിച്ചിരുന്നു. പീരുമേട് എം.എൽ.എ. ആയിരുന്ന ഇ.എസ്. ബിജിമോളുടെ വികസനഫണ്ടിൽനിന്നും 12-ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം ആരംഭിച്ചത്. ഇതിനുശേഷം 2021-ലെ പ്രളയത്തിൽ രണ്ടു തൂണുകൾ പൂർണമായും തകർന്നുവീണു. നിലവിലുള്ള മൂന്നു തൂണുകളിൽ ഒന്നിന്റെ ചുവടുഭാഗം അപകടാവസ്ഥയിലും ആണ്. പാലമില്ലാത്തതിനാൽ ഒന്നര കിലോമീറ്റർ കൂടുതൽ യാത്രചെയ്ത് ഇളങ്കാട് വഴിയാണ് സ്കൂൾ കുട്ടികളടക്കമുള്ളവർ പോകുന്നത്. പുതിയ എം.എൽ.എ.യും മന്ത്രിസഭയും അധികാരത്തിൽ വന്നതോടെ പാലംപണി പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.



0 അഭിപ്രായങ്ങള്‍