കോട്ടയം: റെയില്‍വേ ഭൂപടത്തില്‍ ഇടം പിടിക്കാത്ത ജില്ലയുടെ മലയോര മേഖലയുടെ റെയില്‍ സ്വപ്നങ്ങള്‍ വീണ്ടും ഇഴയുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം പുതുജീവന്‍ ലഭിച്ച അങ്കമാലി-ശബരി റെയില്‍പാതയുടെ തുടര്‍ നടപടികള്‍ ഇഴയുന്നതാണ് മലയോര മേഖലയ്ക്ക് തിരിച്ചടിയായത്. പദ്ധതി നടത്തിപ്പിന്റെ പാതി തുകയായ 1900 കോടി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായതോടെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പദ്ധതി പുനരാരംഭിച്ചത്
പിന്നീട് സ്ഥലമേറ്റെടുക്കല്‍ നടപടികളടക്കം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ മാര്‍ച്ച് 14ന് സംസ്ഥാന റവന്യു വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു ശേഷം മൂന്നു മാസം പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പൊന്നുംവില ഓഫീസുകള്‍ ആരംഭിക്കാത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതു പദ്ധതിയെ പിന്നോട്ടടിക്കുമെന്നാണ് റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ കാര്‍ഷിക - വ്യവസായ - വാണിജ്യ- ടൂറിസം മേഖലയുടെ വികസനത്തിനും ശബരിമല തീര്‍ഥാടകരുടെ യാത്രാ സൗകര്യത്തിനും ഏറെ ഗുണകരമായ ശബരി റെയില്‍പാതയുടെ നിര്‍മാണത്തിന് കഴിഞ്ഞ ബജറ്റില്‍ ഫണ്ട് വകയിരുത്താത്തതും പദ്ധതി നിര്‍മാണം സംബന്ധിച്ച് പരാമര്‍ശം നടത്താത്തതും പദ്ധതി വീണ്ടും ഇഴുയന്നതിന്റെ സൂചനയാണെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നത്.
ശബരി റെയില്‍ പാത നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാന്‍ കല്ലിട്ട് തിരിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. കല്ലിട്ട് തിരിച്ച സ്ഥലങ്ങള്‍ വില്‍ക്കാനോ ഈടുവച്ചു വായ്പ എടുക്കാനോ ഉടമകള്‍ക്ക് കഴിയുന്നില്ല. അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയുടെയും കാലടി റെയില്‍വേ സ്റ്റേഷന്റെയും പെരിയാറിന് കുറുകെയുള്ള പാലത്തിന്റെയും നിര്‍മാണം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന് നിരന്തരമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും സമരങ്ങളുടെയും ഫലമായിട്ടാണ് പദ്ധതി ചെലവിന്റെ പകുതി തുക വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായത്. കിഫ്ബിയിൽ നിന്ന് 1900 കോടി രൂപ അനുവദിക്കുകയും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളില്‍ പുതിയ സ്ഥലം എടുപ്പ് ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുടര്‍ന്ന് സ്തംഭനത്തിലായിരുന്നു. പെരുമാറ്റച്ചട്ടം മാറ്റി പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷവും മാറ്റം വന്നിട്ടില്ല. പുതുക്കിയ സംസ്ഥാന ബജറ്റില്‍ ശബരി റെയില്‍വേക്കായി ഫണ്ട് അനുവദിക്കാത്തതും പദ്ധതി സംബന്ധിച്ച് പരാമര്‍ശം നടത്താത്തതും പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകളിലും പദ്ധതി നിര്‍മാണത്തിനായി കാത്തിരിക്കുന്ന പൊതുജനങ്ങളിലും നിരാശയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ശബരി റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ മാര്‍ച്ച് 14ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പദ്ധതി നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കാന്‍ സ്ഥലമെടുപ്പ് സ്പെഷല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ ആരംഭിക്കാനും ഉദ്യോഗസ്ഥരെ നിയമിക്കാനുമായി 2025 ഒക്ടോബര്‍ 30ന് ആരംഭിച്ച ഫയല്‍ പ്രോസസിംഗ് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ നയം വ്യക്തമല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ് ഓഫീസുകള്‍ ആരംഭിക്കാനുള്ള ഫയല്‍ നീക്കം നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റവന്യു വകുപ്പ് അധികൃതര്‍ പറയുന്നത്. സ്ഥലം ഏറ്റെടുപ്പ് ഓഫീസുകള്‍ ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി, റവന്യു മന്ത്രി, എംഎല്‍എമാര്‍ എന്നിവര്‍ക്കു നിവേദനം നല്കി.
1997-98 ബജറ്റിലാണ് അങ്കമാലി-ശബരി റെയില്‍പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നാലെ 111 കി.മീ. ദൈര്‍ഘ്യമുള്ള പാതയില്‍ കാലടി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്റര്‍ ഭാഗത്ത് സ്ഥലം ഏറ്റെടുക്കാനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായിരുന്നു. കൂടാതെ കാലടയില്‍ ഒരു റെയില്‍വേ സ്റ്റേഷനും പെരിയാറിനു കുറുകെ പാലവും പര്ത്തിയാക്കിയെങ്കിലും സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച നിയമക്കുരുക്കിലകപ്പെട്ട് പദ്ധതി നിലച്ചു.
ആരംഭ കാലത്തെ കണക്കനുസിരച്ച് 550 കോടി രൂപയ്ക്ക് തീരേണ്ടിയിരുന്ന പദ്ധതിയുടെ ഇന്നത്തെ എസ്റ്റിമേറ്റ് ഏകദേശം 4000 കോടിയോളം രൂപയാണ്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്റ്റേഷനുകളാണ് നിര്‍ദിഷ്ട പാതയിലുള്ളത്.
പദ്ധതിക്ക് വീണ്ടും പച്ചക്കൊടി ലഭിച്ചതോടെ ഭൂവുടമകള്‍ ഉള്‍പ്പെടെ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവരുടെ സ്ഥലം പാതയ്ക്കായി അളന്നുതിരിച്ചിരുന്നു. പദ്ധതി മരവിപ്പിക്കപ്പെട്ടതോടെ സ്ഥലം വില്‍ക്കാനോ ഈടു വയ്ക്കാനോ പോലും കഴിയാത്ത രീതിയില്‍ സ്ഥലമുടമകള്‍ പ്രതിസന്ധിയിലായി.
സ്ഥലം ഉടമകളും ആക്ഷന്‍ കൗണ്‍സിലും ജനപ്രതിനിധികളും ഒക്കെ ഇടപെടുകയും നിവേദനം നല്‍കുകയും ചെയ്തതോടെയാണ് പദ്ധതി ചെലവ് തുല്യമായി വഹിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ വീണ്ടും മന്ദഗതിയിലായതോടെ സ്ഥലം ഉടമകള്‍ വീണ്ടും നിരാശയിലായി.



0 അഭിപ്രായങ്ങള്‍