കൈക്കൂലി പണം വാങ്ങാൻ അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൌണ്ട് : വൈക്കം സിഐ ഷമീർഖാന് എതിരെ ഇന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും ; വകുപ്പ് തല നടപടി ഇന്ന് ഉണ്ടായേക്കും
കോട്ടയം : കൈക്കൂലിപ്പണം വാങ്ങാൻ അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൌണ്ട് ഉണ്ടാക്കിയ കേസിൽ വൈക്കം സി.ഐ ഷമീർഖാന് എതിരെ ഇന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ഇന്നു തന്നെ ജില്ലാ പൊലീസ് മേധാവിയ്ക്കും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും വിഷയത്തിൽ വിജിലൻസ് റിപ്പോർട്ട് നൽകും. ഇന്ന് ഉച്ചയോടെ തന്നെ ഷമീർഖാന് എതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു. ടിപ്പർ ഉടമകളിൽ നിന്നും മണ്ണ് മാഫിയ സംഘത്തിൽ നിന്നും കൈക്കൂലിപ്പണം വാങ്ങാൻ വൈക്കം ഇൻസ്പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിലാണെന്നായിരുന്നു വിജിലൻസ് സംഘം കണ്ടെത്തിയത്. വൈക്കം കാനറാ ബാങ്കിൽ അസം സ്വദേശിയുടെ അധാറും പാൻകാർഡും ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച ഷമീർഖാൻ , ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിനായി വൈക്കത്തെ മറ്റൊരു മലയാളിയുടെ ഫോൺ നമ്പരും ഉപയോഗിച്ചു. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം വൈക്കം കാനറാ ബാങ്കിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറാ ബാങ്കിന്റെ ശാഖയിൽ ഷമീർ ഖാൻ അക്കൗണ്ട് ഓപ്പൺ ചെയ്തത്. ഇതിന് ശേഷം ഏഴാം തീയതി മുതൽ ഈ അക്കൗണ്ടിലേയ്ക്ക് പണം വന്നു തുടങ്ങിയിരുന്നു. ഇന്നലെ വരെയുള്ള സമയത്തിനിടെ രണ്ടര ലക്ഷത്തോളം രൂപയാണ് ഷമീർഖാൻ തുടങ്ങിയ ഈ അക്കൗണ്ടിലേയ്ക്ക് എത്തിയിരുന്നത്. കൃത്യമായ തുക ഓരോ ദിവസവും എ.ടി.എം വഴി ഇദ്ദേഹം പിൻവലിച്ചിരുന്നതായും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. മാസ്ക് ധരിച്ചും, ഹെൽമറ്റ് ധരിച്ചുമാണ് ഇദ്ദേഹം എ.ടി.എം കൗണ്ടറിൽ കയറിയിരുന്നത്. ഇതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ വൈക്കം സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടിന്റെ വിവരങ്ങൾ കണ്ടെത്തിയത്.



0 അഭിപ്രായങ്ങള്