എരുമേലി:
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മുക്കൂട്ടുതറ ടൗണിലുമുള്ള പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സുകൾ ദുർബലമായിട്ട് വർഷങ്ങൾ ഏറെയായി. കാലപ്പഴക്കം മൂലം രണ്ട് കെട്ടിടത്തിലും മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്ന് ദ്രവിച്ച അവസ്ഥയിൽ കമ്പികൾ തെളിഞ്ഞ നിലയിലാണ്. ഒട്ടേറെത്തവണ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സമീപത്തേക്ക് കോൺക്രീറ്റ് പാളികൾ അടർന്നുവീണിട്ടുണ്ട്. കെട്ടിടത്തിൽ വില്ലേജ് ഓഫീസിലേക്ക് പോകാനുള്ള പടിക്കെട്ടിൽ നിറയെ ഇങ്ങനെ വീണ കോൺക്രീറ്റ് കഷണങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ അപകടസാധ്യതയുള്ള എരുമേലി പഞ്ചായത്തിന്‍റെ രണ്ട് കെട്ടിടങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം ഉയർന്നതാണെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കെട്ടടങ്ങി. 20 വർഷമായി എരുമേലി പഞ്ചായത്തിന്‍റെ ഓരോ ബജറ്റും എടുത്തുനോക്കിയാൽ അതിൽ കാണാം എരുമേലിയിലെയും മുക്കൂട്ടുതറയിലെയും വ്യാപാര സമുച്ചയങ്ങൾ പൊളിച്ചു പുനർ നിർമിക്കുമെന്ന പ്രഖ്യാപനം.
മുക്കൂട്ടുതറയിലെ കെട്ടിടത്തിന് അഞ്ച് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല. 40ഓളം മുറികളുണ്ട്. അപകടം ഭയന്ന് ചില കടകൾ തുറക്കുന്നില്ല. മുമ്പ് നടത്തിയ അറ്റകുറ്റപ്പണികൾ പ്രയോജനപ്പെട്ടില്ല. പൊളിച്ചുമാറ്റി പുതിയ വ്യാപാര സമുച്ചയം നിർമിച്ചാൽ പൊതു മൂത്രപ്പുര പോലുമില്ലാതെ സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്ന മുക്കൂട്ടുതറ ടൗണിന് വികസനം കൈവരുമെന്ന് നാട്ടുകാർ പറയുന്നു. ഭാവിയിൽ പുതിയ പഞ്ചായത്തായി മാറാവുന്ന മുക്കൂട്ടുതറയിൽ വ്യാപാര സമുച്ചയം പൊളിച്ചു പണിതാൽ പൊതുഓഫീസുകൾക്ക് ഇടം ഒരുക്കാനാകും.


0 അഭിപ്രായങ്ങള്‍