എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അഞ്ചുപേർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാറാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ചാണ് മറിഞ്ഞത്. എരുമേലി-പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് സംഭവം.
ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനിൽകുമാർ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രതീഷിനും അവിനാശിനും കാലിന് ഒടിവ് സംഭവിക്കുകയും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകടം നടന്നയുടൻതന്നെ അതുവഴിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എക്സ്റേ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തീർഥാടകർ സഞ്ചരിക്കുന്ന പാതയിലെ പ്രധാന അപകടമേഖലയായ കരിങ്കല്ലുംമൂഴിയിൽ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മണ്ഡല-മകരവിളക്ക് കാലത്ത് മാത്രമാണ് സർക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധ ഇവിടെയുണ്ടാകുന്നതെന്നും മറ്റ് മാസങ്ങളിൽ തീർഥാടകർ എത്തുമ്പോൾ യാതൊരു കരുതലും ഉണ്ടാകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു



0 അഭിപ്രായങ്ങള്‍