എരുമേലി : എരുമേലി-പമ്പാ സംസ്ഥാനപാത. പാതയിൽ കണമല ഇറക്കംപോലെ അപകടകരമാണ് കരിങ്കല്ലുമ്മൂഴിയും. എരുമേലിയിൽനിന്നും പമ്പയ്ക്ക് പോകുമ്പോൾ കരിങ്കല്ലുമ്മൂഴി ജങ്ഷനിൽനിന്നും 200-മീറ്ററോളം കുത്തനെയുള്ള കയറ്റവും മറുവശം കാണാനാകാത്ത വളവും.അപകടസാധ്യത പരിഹരിക്കുന്നതിന് പകരമായി ഭക്തരുടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണ് വർഷങ്ങളായി സർക്കാർ സംവിധാനം നടപ്പാക്കുന്നത്. എന്നാൽ ഈ കയറ്റിറക്കത്തിൽ ചെറുവാഹനങ്ങളും അപകടത്തിൽപ്പെടുന്നു.
എസ് വളവ് പ്രശ്നം കയറ്റവും ഇറക്കവും എസ് വളവും. കയറിവരുന്നതും ഇറങ്ങിവരുന്നതുമായ വാഹനങ്ങൾക്ക് മറുവശം കാണാനാവില്ല. റോഡ് സുരക്ഷാ അതോറിറ്റിയുടെ കരുതലും നിയന്ത്രണവും വേണ്ടയിടം. എന്നാൽ കാലങ്ങളേറെയായിട്ടും കരുതലില്ല. രണ്ട് ദിവസം മുമ്പ് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ചാലക്കുടി സ്വദേശികളായ അയ്യപ്പൻമാരുടെ വാഹനം ഇറക്കത്തിൽ നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ അഞ്ച് ഭക്തർക്കാണ് പരിക്കേറ്റത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും പരിക്കില്ലാതെ ഭക്തർ രക്ഷപ്പെട്ടു. റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ടിൽ ശബരിമലപ്പാതയിലെ കരിങ്കല്ലുമ്മൂഴി ബ്ലാക്ക് സ്‌പോട്ടാണ്. സമാന്തരപാത വേണം കരിങ്കല്ലുമ്മൂഴി കയറ്റം ചെന്നെത്തുന്ന ചെമ്പകപ്പാറയിലേക്ക്, കരിങ്കല്ലുമ്മൂഴി ജങ്ഷന് തൊട്ടുമുമ്പായി ചെമ്പകപ്പാറയ്ക്ക് സമീപം വരെ ഗ്രാമീണ റോഡുണ്ട്. ഗ്രാമീണ റോഡ് വീതികൂട്ടി വികസിപ്പിച്ച് സ്ഥലം ഏറ്റെടുത്ത് ചെമ്പകപ്പാറ ജങ്ഷനിലെത്തിച്ചാൽ സമാന്തരപാത സാധ്യമാകും. രണ്ടുവർഷം മുമ്പ് അധികൃതർ പദ്ധതിസ്ഥലം സന്ദർശിച്ചെങ്കിലും നടപടികൾ ആയില്ല.



0 അഭിപ്രായങ്ങള്‍