ശബരി പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും

 





കോട്ടയം: കേന്ദ്ര ബജറ്റില്‍ ശബരി റെയില്‍പാതയ്ക്ക് നടപ്പ് സാമ്പത്തികവര്‍ഷം 505 കോടി രൂപ അനുവദിക്കുകയും സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതി പ്രകാരം 1900 കോടി അനുവദിച്ച് നേരത്തെ ഉത്തരവിറക്കുകയും ചെയ്തതോടെ ശബരി പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രം പച്ചക്കൊടി വീശിയതോടെ തുടര്‍ നടപടികൾ ഇനി വേഗത്തിലാകും.


സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കടമ്പ. ഇതിനായി സ്ഥലം ഏറ്റെടുപ്പ് ഓഫീസ് തുറക്കണം. ഓഫീസില്‍ റവന്യു ജീവനക്കാരെ നിയമിക്കണം. മൂവാറ്റുപുഴയിലും പാലായിലുമാണ് മുമ്പ് സ്ഥലം ഏറ്റെടുപ്പ് ഓഫീസുകള്‍ ഉണ്ടായിരുന്നത്. ഇവ വീണ്ടും തുറക്കണം. ഇതാണ് ആദ്യ കടമ്പ. ഇതിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

കൂടാതെ സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി സര്‍വേ നടത്തിയ വില്ലേജുകളില്‍ സാമൂഹികാഘാത പഠനം നടത്തുന്നതോടൊപ്പം ബാക്കി വില്ലേജുകളില്‍ സര്‍വേ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനായി ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുന്നത്.
സാമൂഹികാഘാത പഠനവും അതിന്മേലുള്ള ഹിയറിംഗും പൂര്‍ത്തിയായി അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചശേഷമേ വിജ്ഞാപനം ഇറക്കൂ.

ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ ഏകദേശ വിസ്തീര്‍ണം, വസ്തു ഉടമകളുടെ പേര്, വിലാസം ഉള്‍പ്പെടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിനു ശേഷമായിരിക്കും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്‍കി ഏറ്റെടുക്കേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത്.

ഓരോ സ്ഥലം ഉടമയ്ക്കും നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. ഇവരുടെ ആധാരങ്ങള്‍, ഉടമസ്ഥാവകാശം എന്നിവ പരിശോധിച്ച് നഷ്ടപരിഹാര തുക ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറും. വിജ്ഞാപനം ഇറങ്ങിയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം.

സ്ഥലം ഏറ്റെടുത്ത് റെയില്‍വേക്കു കൈമാറിക്കഴിഞ്ഞാല്‍ റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കും. നടപടികള്‍ തടസമില്ലാതെ നീങ്ങിയാല് രണ്ടു വര്‍ഷത്തിനകം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകും.

--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍