എരുമേലി : ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന 100-ലേറെ സർവീസ് ബസുകൾ വന്നുപോകുന്ന എരുമേലി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ കെട്ടിടവും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്‌സ്റ്റാൻഡിലെ വ്യാപാര സമുച്ചയവും കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ.
സ്വകാര്യ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയവും പൊളിച്ച് മാറ്റണമെന്നും പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം പഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായി. എന്നാൽ, ഓരോ വാർഷിക ബജറ്റിലും പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി വയ്ക്കുന്നതല്ലാതെ നടപടിയായിട്ടില്ല. 12-ഓളം കടമുറികളും ശൗചാലയ സമുച്ചയവുമാണ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലുള്ളത്. മുകൾ നിലയിൽ വായനശാലയും പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസും പ്രവർത്തിക്കുന്നു. ഗ്രൗണ്ട് ഫ്ളോറിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാം. വശത്തെ പുറംഭിത്തിയിൽ മരം വളരുന്നു. രണ്ട് ഇടനാഴിയുടെയും ഭിത്തി വിണ്ടുകീറി മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് വീഴുന്നു. പ്രളയത്തിൽ വെള്ളം കയറിയാണ് കെ.എസ്.ആർ.ടി.സി. എരുമേലി ഓപ്പറേറ്റിങ് സെന്റർ കെട്ടിടം അപകടാവസ്ഥയിലായത്. കാത്തിരിപ്പ് കേന്ദ്രം, ഓഫീസ്, ടിക്കറ്റ്-കാഷ് ശൗചാലയ സമുച്ചയം എന്നിവയാണ് കെട്ടിടത്തിലുള്ളത്. സമീപമായി വർക്ക്‌ഷോപ്പുമുണ്ട്. കെട്ടിടത്തിന്റെ അടിത്തറയിളകി. ടിക്കറ്റ്-കാഷ് മുറിയുടെയും ശൗചാലയ സമുച്ചയത്തിന്റെയും ഭിത്തിയും തറയും വിണ്ടുകീറി. താത്കാലികമായി ദേവസ്വം ബോർഡ് കെട്ടിടത്തിലെ ഒരുമുറിയിലാണ് ജീവനക്കാർക്ക് ഇരിക്കാൻ ടിക്കറ്റ്-കാഷ് ഓഫീസ് മാറ്റിയിരിക്കുന്നത്. പഞ്ചായത്ത്, ദേവസ്വം, പൊതുമരാമത്ത് വകുപ്പ് എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിച്ച് അപകടകരമെന്നും ഏതുസമയത്തും തകരാമെന്നുമാണ് പരിശോധനാ റിപ്പോർട്ട്. നിലവിൽ സെന്റർ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റും വ്യക്തിയും തമ്മിൽ കേസ് നടക്കുകയാണ്. ലാഭകരമായി പ്രവർത്തിക്കുന്ന സെന്ററിന് മണ്ഡല-മകരവിളക്ക് കാലത്ത് മാത്രം രണ്ടരക്കോടി രൂപയിലധികമാണ് കളക്ഷൻ ലഭിക്കുന്നത്. കൂടുതൽ സ്ഥലം കണ്ടെത്തി സെന്ററിനെ ഡിപ്പോയാക്കി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



0 അഭിപ്രായങ്ങള്‍