മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിൽ മരുതുംമൂടിനു സമീപം കാർ കൊക്കയിലേക്കു മറിഞ്ഞ് കോട്ടയം സ്വദേശികളായ നാലുപേർക്കു പരിക്കേറ്റു. അപകടത്തിൽ ബിനീഷ്, അഖിൽ, ശരത്ത് എന്നിവർക്ക് നിസാര പരിക്കും സുബിൻ മാത്യുവിന് ഗുരുതര പരിക്കുമേറ്റു. വ്യാഴാഴ്ച രാത്രിയിൽ മരുതുംമൂട് ലൗലി വളവിലാണ് കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്കാനം ഭാഗത്തുനിന്നു മുണ്ടക്കയത്തേക്കു വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പതിവായി അപകടം നടക്കുന്ന കൊടും വളവിൽ ക്രാഷ് ബാരിയർ ഇല്ലാത്തതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. വർഷങ്ങൾക്കു മുമ്പ് ഇവിടെ ബസ് കുഴിയിലേക്ക് മറിഞ്ഞ് നിരവധി ആളുകൾ മരണപ്പെട്ടതോടെയാണ് ഇവിടം ലൗലി വളവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അപകടങ്ങൾ പതിവായതോടെ വർഷങ്ങൾക്കു മുമ്പ് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചു.
ഒരു വർഷം മുമ്പ് ലോറി ഇടിച്ച് റോഡിന്റെ വശത്തെ ക്രാഷ് ബാരിയർ തകർത്തു. എന്നാൽ, നാളിതുവരെയായിട്ടും ഇത് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ ഏഴോളം അപകടങ്ങളാണ് ഈ വളവിൽ ഉണ്ടായിട്ടുള്ളത്. ലോറി ഇടിച്ചു തകർന്ന ക്രാഷ്ബാരിയറിന്റെ ബാക്കി ഭാഗവും തകർത്താണ് കഴിഞ്ഞദിവസം രാത്രിയിൽ കാർ കൊക്കയിലേക്കു മറിഞ്ഞത്. അടിയന്തരമായി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മരുതംമൂട്ടിലെ കൊടുംവളവിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.



0 അഭിപ്രായങ്ങള്‍