മുണ്ടക്കയം: ശനിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പുലിക്കുന്ന് മേഖലയിൽ വ്യാപക നാശനഷ്ടം. മരം വീണ് രണ്ട് വീടുകൾ തകർന്നു. പുലിക്കുന്ന് ടോപ്പ് വെട്ടുത്തറയിൽ ദിനേശന്റെ വീട് പൂർണമായും തകർന്നു. പുരയിടത്തിൽ നിന്നിരുന്ന പുളിമരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് ദിനേശന്റെ മകൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂര ഉൾപ്പെടെ പൂർണമായും തകർന്ന നിലയിലാണ്.
പുലിക്കുന്ന് ടോപ്പ് ഓലിക്കൽ പ്രഭാകരന്റെ വീടിന് മുകളിലേക്കും മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. മേഖലയിൽ കാറ്റിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പെരുവന്താനം പഞ്ചായത്തിലെ മുരുംതുംമൂട് മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. മരുതുംമൂട് കുന്നിൽ സോമന്റെ ഇരുപതോളം റബർ മരങ്ങൾ ഒടിഞ്ഞു. കൂടാതെ വലിയ തേക്ക്, ആഞ്ഞിലി മരങ്ങളും കടപുഴകിവീണു. കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിച്ചു. സമീപത്തെ എസ്റ്റേറ്റിൽ നിന്നു റബർ മരം വീണതിനെത്തുടർന്ന് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നു. പാതയോരത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
മുണ്ടക്കയം പഞ്ചായത്തിലെ ചെളിക്കുഴി, വണ്ടൻപതാൽ മേഖലകളിൽ റബർ ഉൾപ്പെടെയുള്ള വൻമരങ്ങൾ കടപുഴകി വീണു. ഗ്രാമീണ റോഡുകളിൽ മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുത ലൈനുകൾ പൊട്ടി വീണ് വൈദ്യുതി ബന്ധവും തകരാറിലായിരുന്നു.



0 അഭിപ്രായങ്ങള്