എരുമേലി ∙ 3 മാസത്തിനുള്ളിൽ 10 തവണയിൽ അധികം വഴിയരികിലെ പെട്ടിക്കട കുത്തിത്തുറന്നു മോഷണം നടത്തിയതായി പരാതി. എരുമേലി കൊരട്ടി റോഡരികിൽ പ്രവർത്തിക്കുന്ന തോപ്പിൽ ടി.വി.ഷാജി (സജി 58)യുടെ പെട്ടിക്കടയാണ് കുത്തിത്തുറന്നത്. രോഗിയായ ഷാജി പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും അപേക്ഷ സമർപ്പിച്ചാണ് പെട്ടിക്കട തുടങ്ങിയത്. ലോട്ടറിയും ശീതളപാനിയങ്ങളുമാണ് വിൽപന നടത്തുന്നത്. എന്നാൽ മിക്ക ദിവസങ്ങളിലും പെട്ടിക്കട കുത്തിത്തുറന്ന് ചില്ലറകളും ഭക്ഷ്യസാധനങ്ങളും മോഷ്ടിക്കുന്നത് പതിവായി.
തുടർന്ന് ഷാജി പണവും ലോട്ടറിയും വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കാൻ തുടങ്ങി. കടയിൽ ഒന്നും സൂക്ഷിക്കാതെ വന്നിട്ടും പതിവായി മോഷണം തുടർന്നു. ശനിയാഴ്ച രാത്രി കടയിലുണ്ടായിരുന്ന അവസാനത്തെ കുടിവെള്ളത്തിന്റെ ബോട്ടിലുകളും സോഡയും മോഷ്ടിച്ചു. മോഷ്ടാക്കളെ ഭയന്ന് കടയിലുളള കത്തി വരെ വീട്ടിൽ കൊണ്ടുപോകുമെന്ന് ഷാജി പറയുന്നു. കൊരട്ടി ബവ്റിജസ് പരിസരങ്ങൾ മദ്യപരുടെയും മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണെന്നു പരാതിയുണ്ട്. രാത്രികാലങ്ങളിൽ മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും ഇവിടെ തർക്കമുണ്ടാക്കുക പതിവാണെന്നും നാട്ടുകാർ പറയുന്നു.



0 അഭിപ്രായങ്ങള്‍