കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി പലവിധ കാരണങ്ങളുടെ പേരിൽ മുടങ്ങിക്കിടന്ന കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ നാളെ പുനരാരംഭിക്കുമെന്ന് നിയുക്ത എംഎൽഎ പ്രഫ. റോണി കെ. ബേബി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. തൂണുകളുടെ ഫൗണ്ടേഷൻ ചിറ്റാർപുഴയോട് ചേർന്ന് മണിമല റോഡിന്റെ മധ്യഭാഗം വരെ എത്തുന്നതിനാൽ നിർമാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കുരിശുകവല മുതൽ മണ്ണാറക്കയം വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. നിർമാണം നടക്കുന്ന ഭാഗത്ത് രണ്ടു മാസക്കാലയളവിലേക്ക് പൂർണമായി ഗതാഗതം നിരോധിക്കും.
മണിമല ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളിയിലേക്ക് വരുന്ന ലോറിയും ബസും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുന്നുംഭാഗം ടിബി റോഡ് വഴി കെകെ റോഡിൽ എത്തിച്ചേരേണ്ടതാണ്. ചെറുവാഹനങ്ങൾക്ക് ഇതിനിടയിലുള്ള ചെറിയ റോഡുകൾ ഉപയോഗിക്കാവുന്നതാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ്, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, പഞ്ചായത്തംഗം ജോയി മുണ്ടാമ്പള്ളി, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.എം. മീര, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.വി. ടിനേഷ് മോൻ, കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ ഗോകുൽ ഗോപൻ, കരാർ കമ്പനി പ്രോജക്ട് മാനേജർ വി. വിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

.jpg)

0 അഭിപ്രായങ്ങള്‍