ഓണവിപണി ലക്ഷ്യമാക്കി റബര്‍ തോട്ടത്തില്‍ വ്യാജവാറ്റുകേന്ദ്രം, 320ലിറ്റര്‍ കോടയും ഒരുലിറ്റര്‍ വാറ്റു ചാരായവും പിടികൂടി
എരുമേലി : ഓണവിപണി ലക്ഷ്യമിട്ട് റബര്‍ തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജവാറ്റുകേന്ദ്രം എക്‌സൈസ് സംഘം റെയ്ഡ് ചെയ്തു. 320ലിറ്റര്‍ കോടയും ഒരു ലിറ്റര്‍ വാറ്റു ചാരായവും പിടികൂടി. ഉദ്യോഗസ്ഥര്‍ എത്തിയതു കണ്ട് വളര്‍ത്തുനായ്ക്കള്‍ കുരച്ചതോടെ ചാരായം വാറ്റിയിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
എരുമേലി പമ്പാവാലി കണമല ബൈപാസ് ഭാഗത്ത് തെനിയപ്ലാക്കല്‍ റോബിന്‍ ടി ജോര്‍ജ് എന്നയാളുടെ പുരയിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. റോഡില്‍നിന്നും കുറച്ചുദൂരെ ദുര്‍ഘടമായ സ്ഥലത്തുള്ള തോട്ടത്തിലെത്താന്‍ എക്‌സൈസ് സംഘം നന്നേ കഷ്ടപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ വീട്ടുടമയായ റോബിന്‍ ഒരു ലിറ്റര്‍ ചാരായവുമായി നടന്നുവരികയായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന അഞ്ചു നായ്ക്കള്‍ കുരച്ച് ബഹളംവച്ചതോടെ എക്‌സൈസ് സംഘമാണെന്ന് മനസിലാക്കിയ ഇയാള്‍ ചാരായക്കുപ്പി താഴെയിട്ട് ഒാടി രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വരവ് നേരത്തെ അറിയാനാണ് ഇയാള്‍ നായ്ക്കളെ വളര്‍ത്തിയിരുന്നത്. ഓടി രക്ഷപ്പെട്ട പ്രതിക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിന് എരുമേലി എക്‌സൈസ് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിനോ നേതൃത്വം നല്‍കി.



0 അഭിപ്രായങ്ങള്‍