കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ *‘ഓപ്പറേഷൻ തൂഫാൻ 2.0’*ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല തൂഫാൻ പതാക ഉയർത്തി ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് SHO വർഷ മധു വിശദീകരിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കളെയും കുടുംബങ്ങളെയും സമൂഹത്തിന്റെ വിവിധ മേഖലകളെയും സജീവമായി പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ച ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനിൽ തേനമാക്കൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജുമോൾ രാജേന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് ജോസഫ്, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ പങ്കാളിത്തത്തോടെ മുന്നേറുക എന്ന സന്ദേശമാണ് ‘ഓപ്പറേഷൻ തൂഫാൻ 2.0’ ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കി കാഞ്ഞിരപ്പള്ളിയെ ലഹരിമുക്ത സമൂഹമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പരിപാടിയോടെ തുടക്കമായി.



0 അഭിപ്രായങ്ങള്‍