നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്ത സഹൃദയ വായനശാലയ്ക്കായി നിർമിച്ച പുതിയ കെട്ടിടം തുറന്ന് നൽകിയില്ല.

 




കാഞ്ഞിരപ്പള്ളി : നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്ത സഹൃദയ വായനശാലയ്ക്കായി നിർമിച്ച പുതിയ കെട്ടിടം തുറന്ന് നൽകിയില്ല. ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ട് മാസമായി. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതോടെ കെട്ടിടം പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് കെട്ടിടത്തിന്റെ നിർമാണം നടത്തിയത്. കെട്ടിട നിർമാണം നടത്തി ഓഗസ്റ്റ് 21-ന് മന്ത്രി സജി ചെറിയാൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി ഡോ. ബി.ആർ. അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനി അക്കാമ്മ ചെറിയാന്റെയും പ്രതിമ സ്ഥാപിച്ചിരുന്നു. ഉദ്ഘാടനം മാത്രം നടത്തിയ കെട്ടിടം പ്രവർത്തനയോഗ്യമാക്കുന്നതിന് ഇനിയും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. കാഞ്ഞിരപ്പള്ളി കുരുശുങ്കലിൽ പ്രവർത്തിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള സഹൃദയ വായനശാലയുടെ കെട്ടിടം കാലപ്പഴക്കം ചെന്ന് നശിക്കാൻ തുടങ്ങിയതോടെയാണ് പഞ്ചായത്ത് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിക്കുന്നത്. സഹൃദയ വായനശാലയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഓഫീസും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. നിലവിൽ സഹൃദയ വായനശാല പഞ്ചായത്ത് ഓഫീസിന് സമീപത്തെ പകൽവീട്ടിലും ലൈബ്രറി കൗൺസിൽ കുരിശുങ്കലിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് 2.57 കോടി മുടക്കി ഇരുനിലകളിലായാണ്‌ പുതിയ കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ ഷോപ്പിങ് കോംപ്ലക്സും മുകളിലത്തെ നിലയിൽ ലൈബ്രറിയും പ്രവർത്തിക്കുന്ന രീതിയിലാണ് കെട്ടിടം. വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങളുടെ അനുമതി ലഭിക്കാനുണ്ടെന്നും ഫർണിച്ചറടക്കം വാങ്ങുകയും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയ ശേഷമാകും കെട്ടിടം ഉപയോഗപ്രദമാക്കാൻ സാധിക്കുകയുള്ളുവെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍