പൂഞ്ഞാർ: മുൻ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17-ാമത് വീടിന്റെ താക്കോൽദാന കർമ്മം ഇന്ന്‌ നടക്കും.
രാവിലെ 11 മണിക്ക് പൂഞ്ഞാർ വി.എസ്. അച്യുതാനന്ദൻ റോഡ് ഭാഗത്ത്, നിർമ്മിച്ച വീടിന്റെ ഭവനാങ്കണത്തിലാണ് പരിപാടി.
സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ച് സമ്മാനിക്കുന്നത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ താക്കോൽദാന കർമ്മം നിർവഹിക്കും.
സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി , അലൻ വാണിയപ്പുര, സാജു പുല്ലാട്ട്, പി.പി.എം. നൗഷാദ്, ജാൻസ് വയലിക്കുന്നേൽ, റോയി വിളക്കുന്നേൽ, പൊതുപ്രവർത്തകരായ റെജി ഷാജി, ദേവസ്യാച്ചൻ വാണിയപ്പുര, റെജി. കെ, സജി ചിറ്റാനപ്പാറ, ഉല്ലാസ് മതിയത്ത്, ദിലീപ് മരുതാനി തുടങ്ങിയവർ പ്രസംഗിക്കും