എരുമേലി: കരിമ്പിൻതോട്-എരുമേലി വനപാതയിൽ ജീർണിച്ചുനിന്ന ഉണക്കമരം റോഡിലേക്ക് വീണ് ഏഴ് വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞു. സംഭവസമയം വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വൈദ്യുതിലൈനിലേക്ക് മരം വീണതോടെ ചെറുവള്ളി എസ്റ്റേറ്റിലും പഴയിടം ഭാഗത്തും മണിക്കൂറുകൾ വൈദ്യുതി മുടങ്ങി. കെഎസ്ഇബിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ബുധനാഴ്ച രാത്രിയാണ് മരം റോഡിലേക്ക് വീണത്. തുടർന്ന് ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടു. മണിമല കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥർ ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച ജോലികൾ വൈകുന്നേരത്തോടെയാണ് പൂർത്തിയായത്.
കരിമ്പിൻതോട് പാതയിൽ മരങ്ങൾ വീഴുന്നത് പതിവ്
തുടർച്ചയായി മരങ്ങൾ വീണ് കരിമ്പിൻതോട് പാതയിൽ അപകടങ്ങൾ വർധിക്കുകയാണ്. പഴക്കം ചെന്ന ഒട്ടേറെ മരങ്ങളാണ് പാതയിലെ ഇരുവശങ്ങളിലുമായി വനത്തിലുള്ളത്. ഇവ വെട്ടിനീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകരും നാട്ടുകാരും വനംവകുപ്പിന് നിരവധി തവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.


0 അഭിപ്രായങ്ങള്‍