കാളകെട്ടി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിലെ കാളകെട്ടി അടിവാരത്തുനിന്ന് ആരംഭിച്ച് എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പില്‍ എത്തി കപ്പാട് -കുരുവിക്കൂട് റോഡിലേക്ക് പ്രവേശിക്കുന്ന മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള കാളകെട്ടി -ആളുറുമ്പ് പിഡബ്ല്യുഡി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാളകെട്ടി -ആളുറുമ്പ് റോഡ് മേഖലയിലെ ഏറ്റവും പഴക്കമുള്ള റോഡാണ്.
കാളകെട്ടി, കപ്പാട്, ആനക്കല്ല്, കാഞ്ഞിരപ്പള്ളി, കുന്നുംഭാഗം, വാരിയാനിക്കാട്, തമ്പലക്കാട്, എലിക്കുളം, ചെമ്മലമറ്റം മേഖലകളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുമായി നിരവധി സ്കൂൾ ബസുകൾ ദിനംപ്രതി ഇതുവഴിയാണ് കടന്നുപോകുന്നത്.
1990 ല്‍ ആവശ്യത്തിന് സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടിയതാണ് റോഡ്. കാലപ്പഴക്കം മൂലം പല കലുങ്കുകളും അടഞ്ഞുപോയി മഴവെള്ളം പലയിടത്തും റോഡിലൂടെ നിരന്ന് ഒഴുകുകയാണ്. ഓടകളുടെ അഭാവവും റോഡ് തകരുന്നതിനിടയാക്കുന്നുണ്ട്.
കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും പൊൻകുന്നം -പാലാ റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ ലിങ്ക് റോഡ് എന്ന നിലയിൽ ജനങ്ങൾ ഉപയോഗിച്ചുവരുന്ന കാളകെട്ടി -ആളുറുമ്പ് റോഡ് അടിയന്തരമായി ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജെസിഐ കാളകെട്ടി ടൗൺ ചാപ്റ്റർ ഭാരവാഹികളായ ജോസി കണികുന്നേൽ,
ജോമി കൊച്ചുപറമ്പിൽ, ജോഷി കപ്പിയാങ്കൽ, ടോമി ഈറ്റത്തോട്ട് എന്നിവരുടെ നേതൃത്വത്തിൽ പ്രഫ. റോണി കെ ബേബി എംഎൽഎയ്ക്ക് നിവേദനം നൽകി.



0 അഭിപ്രായങ്ങള്‍