കൊക്കയിലേക്ക് ചാടിയ യുവാവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപെടുത്തി

 



കൊക്കയിലേക്ക് ചാടിയ യുവാവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപെടുത്തി

 കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പീരുമേട് അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. കോട്ടയം കല്ലറ സ്വദേശി മനു (35) ആണ് രക്ഷപെട്ടത്. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള ആഴമേറിയ കൊക്കയിലേക്കാണ് യുവാവ് ചാടിയത്.കൊക്കയിലെ വള്ളിച്ചെടികളിലും കാട്ടിലും കുടുങ്ങിക്കിടന്നതിനാലാണ് വൻ അപകടം ഒഴിവായത്.

​ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മനുവിനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്നും തുടർചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം നടന്നത്. പുല്ലുപാറയ്ക്ക് സമീപം എത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും, പുറത്തിറങ്ങിയ ഉടൻ തന്നെ മനു റോഡരികിലെ കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

​ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. പീരുമേട്ടിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് കൊക്കയിലിറങ്ങി തിരച്ചിൽ നടത്തിയത്. കടുത്ത ഇരുട്ടും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും, മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിൽ യുവാവിനെ വള്ളിച്ചെടികൾക്കിടയിൽ കണ്ടെത്തി മുകളിൽ എത്തിക്കുകയായിരുന്നു.

​വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ മനുവിനെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ നിരീക്ഷണത്തിലാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍