പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ





 പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  


 ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 4.5 കോടി രൂപ ചിലവഴിച്ചു എന്നും ഫണ്ട് പലരും മുക്കി എന്നും മറ്റുമുള്ള ബിജെപി നേതാവ് പി.സി ജോർജിന്റെ തുറന്നുപറച്ചിലിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ പി.സി ജോർജിനു വേണ്ടി പണം ഒഴുക്കലാണ് നിയോജകമണ്ഡലത്തിൽ നടന്നത്. ഇലക്ഷൻ തലേന്ന് അരുവിത്തുറ ബൂത്തിൽ വീടുകളിൽ കയറി വോട്ടിന് പണം നൽകിയ പിസി ജോർജിന്റെ ഏജന്റിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ച സംഭവം ഉണ്ടായി. ഇത് സംബന്ധിച്ച ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയോജക മണ്ഡലത്തിൽ എല്ലായിടത്തും വ്യാപകമായ തോതിൽ പണം വിതരണം നടന്നിരുന്നു. കൂടാതെ തിരഞ്ഞെടുപ്പിന്റെ ആരംഭം മുതൽ ഇപ്രകാരമുള്ള എല്ലാവിധ തെരഞ്ഞെടുപ്പ് അഴിമതികളും പി.സി ജോർജിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള തുക 40 ലക്ഷം മാത്രമാണ്. തെരഞ്ഞെടുപ്പിൽ ഏതാണ്ട് 30 ലക്ഷത്തോടനുബന്ധിച്ച തുക മാത്രം ചെലവഴിച്ചതായാണ് പിസി ജോർജ് തെരഞ്ഞെടുപ്പിന് ശേഷം ഇലക്ഷൻ കമ്മീഷന് കണക്ക് നൽകിയിട്ടുള്ളത് . അദ്ദേഹത്തിന്റെ തന്നെ വെളിപ്പെടുത്തൽ പ്രകാരം ഇതിന്റെ ഏതാണ്ട് പതിന്മടങ്ങിലധികം തുക അധികം ചിലവഴിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും, നിയമങ്ങളുടെയും നഗ്നമായ ലംഘനവും ആണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അതിനാൽ തന്നെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷനും സംസ്ഥാന ആഭ്യന്തരമന്ത്രിക്കും പരാതി നൽകും. കൂടാതെ എനിക്കെതിരെ പി.സി ജോർജ് നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും. കൂടാതെ അദ്ദേഹം നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരള പോലീസ് ആക്ട് 120(O) പ്രകാരം നടപടി സ്വീകരിക്കുന്നതിന് പോലീസിലും പരാതി നൽകുന്നതാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതൽ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ മുഴുവൻ ആളുകളെയും കാലങ്ങളായി അധിക്ഷേപിക്കുകയും സമൂഹത്തിൽ വർഗീയതയും മതസ്പർദ്ധയും വളർത്തുന്ന വർഗീയ പരാമർശങ്ങളും, സമുദായങ്ങളെയും സമുദായ നേതാക്കളെയും എല്ലാം വിഷലിപ്തമായ പരാമർശങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്യുന്ന പി.സി ജോർജിനെ നിയന്ത്രിക്കാനും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം ആകെ വർഗീയ വിഷവും, മലീമസമായ അധമ സംസ്കാരവും പ്രചരിപ്പിക്കുന്ന പി.സി ജോർജിനെ നിലയ്ക്ക് നിർത്താനും അദ്ദേഹത്തിന്റെ കുടുംബവും, അദ്ദേഹത്തിന്റെ പാർട്ടിയും, ഭരണസംവിധാനങ്ങളും മുന്നോട്ടുവരണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍