എരുമേലി മേഖലയിൽ പത്തു ദിവസത്തേക്ക് ജലവിതരണം പൂർണമായും നിർത്തിവയ്ക്കുമെന്ന് ജല അഥോറിറ്റി അധികൃതർ





എരുമേലി: കൊല്ലമുള കലുങ്കിൽ തടസമായിരുന്ന ജലവിതരണ കുഴൽ അഴിച്ചുമാറ്റി സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി എരുമേലി മേഖലയിൽ  പത്തു ദിവസത്തേക്ക് ജലവിതരണം പൂർണമായും നിർത്തിവയ്ക്കുമെന്ന് ജല അഥോറിറ്റി അധികൃതർ അറിയിച്ചു.

എരുമേലിയിലേക്ക് ജല അഥോറിറ്റി വെള്ളം എത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവിയിൽനിന്നാണ്. ഇവിടെനിന്നു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് കടന്നുപോകുന്നത് കൊല്ലമുള പാലത്തിലൂടെയാണ്.

പഴയ കലുങ്ക് പാലം പൊളിച്ചു പുനർ നിർമിച്ചതോടെ ഈ പൈപ്പ് ഗതാഗതത്തിന് തടസമായി മാറി. ഇത് സമീപത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള പണികൾ നടത്തുന്നതിന്‍റെ ഭാഗമായാണു ജലവിതരണം നിർത്തിവയ്ക്കുന്നത്. 600 എംഎം വ്യാസമുള്ള റോ വാട്ടർ പമ്പിംഗ് ലൈനാണ് മാറ്റിസ്ഥാപിക്കുന്നത്. ജല അഥോറിറ്റിയും റോഡ് ഫണ്ട് ബോർഡും ചേർന്നാണ് പണികൾ നടത്തുക.

പെരുന്തേനരുവിയിൽ കെഎസ്ഇബിയുടെ ഡാമിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കൊല്ലമുള വഴി മുക്കൂട്ടുതറ എംഇഎസ് കോളജിന് അടുത്തുള്ള പ്ലാന്‍റിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് എരുമേലി പഞ്ചായത്തിൽ വെള്ളം നൽകുന്നത്.

ശബരിമല തീർഥാടനം മുൻനിർത്തി ആവിഷ്‌കരിച്ച ഈ പദ്ധതി ആദ്യം എരുമേലി തെക്ക് ജലവിതരണ പദ്ധതിയായിരുന്നു. എരുമേലി പഞ്ചായത്തിൽ മൊത്തം വെള്ളം നൽകുന്നതിനായി പദ്ധതിയുടെ പേര് എരുമേലി സമഗ്ര ജലവിതരണ പദ്ധതിയെന്നാക്കി പിന്നീട് മാറ്റി.

പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ കുടിവെള്ള വിതരണം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണന്ന് ജല അഥോറിറ്റി മുണ്ടക്കയം സെക്‌ഷൻ അസിസ്റ്റന്‍റ് എൻജിനിയർ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍