സംസ്ഥാന സ്കൂൾ കായികമേളയിൽ കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലെ വിജയം റദ്ധാക്കി

 




കോട്ടയം: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കായികതാരത്തിന്റെ പ്രായത്തട്ടിപ്പ് എല്ലുപരിശോധനയിലൂടെ (Bone-age test) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരത്തെ അയോഗ്യനാക്കുകയും ഇടുക്കിയുടെ സോബിൻ കെ. സെബാസ്റ്റ്യനെ പുതിയ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലെ ഉത്തർപ്രദേശ് സ്വദേശിയായ വിദ്യാർത്ഥിയാണ് സബ് ജൂനിയർ (14 വയസ്സിന് താഴെയുള്ളവർ) വിഭാഗത്തിൽ പ്രായം കുറച്ചു കാണിച്ച് മത്സരിച്ചത്.


കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ ഈ വിദ്യാർത്ഥിക്ക് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ബോൺ ടെസ്റ്റിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

താരത്തിന് വ്യത്യസ്ത ജനനത്തീയതിയുള്ള രണ്ട് ആധാർ കാർഡുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മാർ ബേസിൽ, ഐഡിയൽ സ്കൂളുകളാണ് കായിക വകുപ്പിന് പരാതി നൽകിയത്.


400 മീറ്ററിലെ സ്വർണ്ണമെഡൽ റദ്ദാക്കിയതിന് പുറമേ, യോഗ്യത നേടിയിരുന്ന 100 മീറ്റർ ഫൈനൽ മത്സരത്തിൽ നിന്നും ഈ വിദ്യാർത്ഥിയെ അയോഗ്യനാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഈ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്.

കൂടാതെ ജൂനിയർ വിഭാഗത്തിലെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് എന്നീ ഇനങ്ങളിലും സമാനമായ പ്രായത്തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളതിനാൽ ആ താരങ്ങളുടെയും പ്രായപരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍