മുണ്ടക്കയം ഇരുപത്തിയൊന്നാം വാര്‍ഡില്‍ ഖനന പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം : വീട് നിർമ്മിക്കാനാണെന്ന പേരിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ നിന്നും പെർമിറ്റ് നേടിയ ശേഷം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ ഖനനം നടത്തിയെന്ന പരാതിയിൽ ഭാവിയിൽ ഖനനപ്രവർത്തനങ്ങൾ അനുവദിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
നിലവിലുള്ള പെർമിറ്റുകൾ, അനുമതികൾ, മറ്റ് നിയമപരമായ രേഖകൾ എന്നിവ പരിശോധിച്ച് ആവശ്യമായ നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അനധികൃത ഖനനം നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം നടപടിയെടുക്കാൻ മൈനിംഗ് ആന്റ് ജിയോളജിക്കും പോലീസിനും കളക്ടർ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ കമ്മീഷനെ അറിയിക്കണം.
കെട്ടിടം നിർമ്മിക്കാനുള്ള പെർമിറ്റിന്റെ ഭാഗമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാതെ 1086.80 ക്യുബിക് മീറ്റർ കരിങ്കല്ല് ഖനനം ചെയ്യാൻ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വസ്തു ഉടമക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറഖനനം നടത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഖനനം ചെയ്ത കല്ല് സ്ഥലത്ത് തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പ്രദേശം പരിസ്ഥിതി ലോലമാണെന്നും ഉരുൾപൊട്ടൽ സാധ്യതയുള്ളതാണെന്നും പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സ്ഥലത്ത് ഖനനപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണെങ്കിൽ പ്രദേശവാസികളുടെ സുരക്ഷക്കും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറഞ്ഞു.



0 അഭിപ്രായങ്ങള്‍