കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിലെ പ്രവർത്തനയോഗ്യമല്ലാതായ പഴയ കാന്റീൻ കെട്ടിടം പൊളിച്ചുനീക്കി. ആശുപത്രിയുടെ പ്രധാന പ്രവേശനകവാടത്തിന് മുൻപിലാണ് പഴയകെട്ടിടം സ്ഥിതിചെയ്തിരുന്നത്. നിലവിൽ പുതിയ ആശുപത്രി കെട്ടിടത്തിന് മുൻപിൽ പുതിയകാന്റീൻ പ്രവർത്തിക്കുന്നുണ്ട്. പഴയ കെട്ടിടം പൊളിച്ചുനീക്കിയതോടെ ഈ സ്ഥലം പാർക്കിങ് അടക്കമുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
നിലവിൽ തിരക്കുള്ള ദിവസങ്ങളിൽ ആശുപത്രി പരിസരത്ത് വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് സ്ഥലക്കുറവുണ്ട്. പുതിയ കെട്ടിടത്തിനു പിന്നിൽ നിർമിച്ച പുതിയ റോഡരികിലും പഴയ വാർഡുകളിലേക്കുള്ള റോഡരികുകളിലുമാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. പഴയ അത്യാഹിതവിഭാഗം കെട്ടിടത്തിലാണ് പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഡയാലിസിസ് ചെയ്യാനെത്തുന്നവരുടെയടക്കം വാഹനങ്ങളും പാർക്കുചെയ്യാൻ സ്ഥലമില്ലാതെ വരും. പഴയ ഒ.പി., ഓഫീസ് കെട്ടിടങ്ങളും പ്രവർത്തനയോഗ്യമല്ലാതായതോടെ പൊളിച്ച് നീക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ കെട്ടിടങ്ങളിലേക്ക് പ്രവർത്തനം മാറ്റിയതോടെ പഴയ എക്‌സ്റേ വിഭാഗം, കുട്ടികളുടെ വിഭാഗം കെട്ടിടങ്ങൾ പ്രവർത്തിക്കാതെ കിടക്കുകയാണ്. ഈ കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.



0 അഭിപ്രായങ്ങള്‍