ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം
വാഗമൺ: വാഗമണ്ണിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ഓഫ് റോഡ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും മൂന്ന് തമിഴ്‌നാട് സ്വദേശികൾക്കും പരിക്കേറ്റു. കൂവലേറ്റം - കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപമാണ് അപകടം നടന്നത്. തമിഴ്‌നാട് സേലം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഡ്രൈവറായ ചോറ്റുപാറ സ്വദേശി രാജേഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഡ്രൈവർ രാജേഷ്, തമിഴ്‌നാട് സ്വദേശികളായ ഗോപിനാഥ് (44), നിഷാന്ത് (24), സെന്തിൽ കുമാർ (48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ വളകോട്ടിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മൂന്ന് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലും, ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



0 അഭിപ്രായങ്ങള്‍