സ്വാതന്ത്ര്യസമര സ്മരണകളുമായി പൊൻകുന്നം രാജേന്ദ്രമൈതാനം
പൊൻകുന്നം: രാജ്യം എൺപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ.
സ്വാതന്ത്ര്യസമര കാലത്തെ സ്മരണകളുമായി പൊൻകുന്നം രാജേന്ദ്രമൈതാനം
സ്വാ തന്ത്ര്യസമരകാലത്ത് അനേകം പൊതുയോഗങ്ങൾക്കും രാഷ്ട്രീയപ്രക്ഷോഭങ്ങൾക്കും വേദിയായ മൈതാനം, പിന്നീട് പൊൻകുന്നത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ ഹൃദയഭാഗമായി മാറി രാജേന്ദ്രമൈതാനം എന്ന പേരിൽ പ്രസിദ്ധമായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൊൻകുന്നത്തെ സ്വാതന്ത്ര്യസമര യോഗങ്ങളെല്ലാം വണ്ടിപ്പേട്ടയായിരുന്ന മൈതാനത്തായിരുന്നു. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, മത, സാഹിത്യ രംഗങ്ങളിലെ പ്രമുഖരിൽ രാജേന്ദ്രമാതനത്ത് പ്രസംഗിക്കാത്തവർ ആരുമില്ലെന്നു പറയാം.
1947 ജൂലൈയിൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ പേട്ട മൈതാനിയിൽ നടന്ന സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിനു നേരെയുണ്ടായ പോലീസ് വെടിവെപ്പിൽ രാജേന്ദ്രൻ എന്ന കൗമാരക്കാരൻ കൊല്ലപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പൊൻകുന്നത്തെ വണ്ടിപ്പേട്ട മൈതാനത്തിന് 'രാജേന്ദ്ര മൈതാനം' എന്ന് പേരിടുകയായിരുന്നു. എ.കെ. പാച്ചുപിള്ളയുടെ നേതൃത്വത്തിലും പി. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിലും ചേർന്ന യോഗമാണ് ഈ നാമകരണം നടത്തിയത്.
1912-ൽ ബ്രിട്ടനിലെ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച 'കൊറോണേഷൻ വെൽ' ഇന്നും അവിടെയുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റെ സ്മാരകമായി നിർമ്മിക്കപ്പെട്ട ആ കിണറിന്റെ തൊട്ടരികിലാണ് പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മപേറുന്ന രാജേന്ദ്ര മൈതാനം രൂപപ്പെട്ടത് എന്നത് ചരിത്രത്തിന്റെ ഒരു വിചിത്രമായ വൈരുദ്ധ്യം തന്നെ. ഇവിടെ ഇപ്പോൾ മിനി ലോറി പാർക്കിങ് മൈതാനം കൂടിയാണ്. ചിറക്കടവ് പഞ്ചായത്ത് ഇവിടെ സ്ഥിരം വേദി നിർമിച്ച് സദസിനായി പന്തലുമൊരുക്കി.



0 അഭിപ്രായങ്ങള്‍