അതിത്രീവ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ജില്ലയിൽ രണ്ട് മരണം






 മണ്ണിടിച്ചിലിൽ ജില്ലയിൽ രണ്ട് മരണം


കോട്ടയം: അതിത്രീവ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ജില്ലയിൽ രണ്ട് മരണം. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾ ലാൽ (35), പൂഞ്ഞാർ തെക്കേക്കര പെരിങ്ങളം ഒറവപ്പാറ ചേലകാട്ട് ജോസഫ് (അപ്പച്ചൻ,80) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നും വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ വാഗമൺ കാണാനെത്തിയ യുവതികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയിക്ക് സമീപം വേലത്തുശേരിയിലായിരുന്നു സംഭവം. വാഗമൺ കണ്ട് മടങ്ങവെ, സ്‌കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സംഗീത മണ്ണിനടിയിൽ അകപ്പെടുകയും, കൂടെയുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെടുകയും ചെയ്തു. സംഗീതയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ. ഇന്നലെ രാത്രി 7.30 ഓടെ ജോസഫിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ജോസഫും രണ്ടു മക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് ഈരാറ്റുപേട്ട ഫയർ ഫോഴ്‌സ്, ടീം എമർജൻസി, ഈരാറ്റുപേട്ട പൊലീസ് എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. മണ്ണിലകപ്പെട്ട അപ്പച്ചന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തുടർന്ന് നടത്തിയ തിരച്ചിലിൽ ജോസഫിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫ് (അപ്പച്ചൻ)യും ഭാര്യ കുഞ്ഞുഞ്ഞുമ്മയും രക്ഷപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി. ശക്തമായ മഴയും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍