എരുമേലി: പഴയിടം, മൂക്കൻപെട്ടി, ഓരുങ്കൽക്കടവ് പാലങ്ങളുടെ കൈവരികൾ പുനഃസ്ഥാപിക്കാൻ നടപടികളായെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൈവരികൾ തകർന്നതിനെ തുടർന്ന് വീപ്പകളും മുളംകമ്പുകളും കയറും വലിച്ചുകെട്ടിയാണ് കൈവരികൾക്ക് പകരം വച്ചിരിക്കുന്നത്. ശബരിമല തീർഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പുതിയ കൈവരികൾ സ്ഥാപിക്കുന്നത്. തീർഥാടനകാലത്തിന് മുമ്പ് നിർമാണം നടത്തും.
വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ അഴിച്ചുമാറ്റാവുന്ന വിധത്തിലാണ് കൈവരികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും കോൺക്രീറ്റ് നിർമിത കൈവരികൾക്ക് പദ്ധതി തയാറാക്കുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം, ചെറിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായാൽ പോലും പാലങ്ങൾ വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു. ശബരിമല തീർഥാടനകാലം അടുത്തിരിക്കേ അയ്യപ്പഭക്തരും നാട്ടുകാരും ഒരുപോലെ ആശ്രയിക്കുന്ന ഈ പാലങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.



0 അഭിപ്രായങ്ങള്‍