ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം - ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച തൂഫാൻ റാലി കാഞ്ഞിരപ്പള്ളിയെ വിദ്യാർത്ഥി സാഗരമാക്കി.
കാഞ്ഞിരപ്പള്ളി പഴയ പള്ളി ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്തു.
*ജനതയെ അപകടപ്പെടുത്തുന്ന ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്* മന്ത്രി പറഞ്ഞു. സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ വിലപ്പെട്ട സംഭാവന നൽകുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെയും ജാഗ്രതയുടെയും പ്രകാശനമാണ് 3000-ത്തിലധികം വിദ്യാർത്ഥികളെ അണിനിരത്തിയുള്ള തൂഫാൻ റാലിയെന്നും അദ്ദേഹം അനുസ്മരിച്ചു. റാലിയിലുടനീളം തുറന്ന വാഹനത്തിൽ പങ്കെടുത്ത മന്ത്രി സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിൽ സമാപന സന്ദേശവും നൽകി.
വേർതിരിവില്ലാതെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്നതാണ് രൂപതയുടെ വിദ്യാഭ്യാസ ലക്ഷ്യമെന്നും, ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ നിതാന്ത ജാഗ്രത പാലിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നും രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ച റാലിയിൽ 3000-ത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് തൂഫാൻ വാരിയേഴ്സായി നിയോഗിക്കപ്പെട്ടു.
എംഎൽഎമാരായ പ്രൊഫ. റോണി കെ ബേബി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. തോമസ് കുന്നപ്പള്ളി, അഡ്വ. ജീരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എ ഷമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വികാരി ജനറാൾ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ നേതൃത്വത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറമ്പിൽ, സാംസ്കാരിക കേന്ദ്രം സെക്രട്ടറി ഫാ. മാത്യു പുത്തൻപറമ്പിൽ, ജോയിന്റ് സെക്രട്ടറി ഫാ. ജസ്റ്റിൻ മതിയത്ത് എന്നിവർ നേതൃത്വം നൽകി. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു, ഡിവൈഎസ്പി റിജോ പി ജോസ്, സിഐ മഹേഷ് കെ എൽ, എസ്എച്ച്ഒ ഗൗതം ഹരി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
*ഫോട്ടോ അടിക്കുറിപ്പ്:* കാഞ്ഞിരപ്പള്ളി രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ തൂഫാൻ റാലി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്യുന്നു.കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ എം.എൽ.എ മാരായപ്രൊഫ.റോണി കെ.ബേബി,അഡ്വ: സെബാസ്റ്റ്യൻ എം.ജെ ,അഡ്വ : സിറിയക് തോമസ്,വികാരി ജനറൽ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽസമീപം....



0 അഭിപ്രായങ്ങള്