കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവിലിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷ്ടിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍

 



കാഞ്ഞിരപ്പള്ളി: ഗണപതിയാര്‍ കോവിലിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷ്ടിച്ച സംഭവത്തിലെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. ആനക്കല്ലില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച പ്രതികളായ കാഞ്ഞിരപ്പള്ളി കൊടുവന്താനം കോട്ടേപറമ്പില്‍ അജിത്ത് അനില്‍ (19), പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രത്തില്‍ കയറി കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്.

മേയ് 24ന് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 70,000 രൂപയും മൂന്ന് പവനോളം സ്വര്‍ണവും മോഷ്ടിച്ച കേസില്‍ ഇവരെ പിടികൂടിയിരുന്നു. അറസ്റ്റിലായ അജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ മുന്പ് നടന്ന ഗണപതിയാര്‍ കോവിലിലെ മോഷണക്കുറ്റവും സമ്മതിച്ചത്.

ജൂണ്‍ ഒന്നിന് പ്രദേശത്തെ നിരീക്ഷണ കാമറകളടക്കം പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. ആനക്കല്ല് പൊന്മല കല്ലമ്പള്ളി ഡോ. ആന്‍റണി ജോസഫിന്‍റെ

വീട്ടില്‍ കയറിയായിരുന്നു മോഷണം. കഴിഞ്ഞ മേയ് മൂന്നിന് ഗണപതിയാര്‍ കോവിലിന്‍റെ റോഡരികിലെ കാണിക്കവഞ്ചി കുത്തിത്തുറന്നായിരുന്നു ആദ്യമോഷണം. പിന്നീട് 21ന് ശ്രീകോവിലടക്കം കുത്തിത്തുറന്ന് എട്ട് കാണിക്കവഞ്ചികളിലെ പണവും മോഷ്ടിച്ചിരുന്നു. ആനക്കല്ലിലെ മോഷണക്കേസില്‍ പിടിയിലായി ചോദ്യം ചെയ്തതോടെയാണ് ഇവരെ പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍